Wildebeest analysis examples for:   mal-malc   .    February 25, 2023 at 00:39    Script wb_pprint_html.py   by Ulf Hermjakob

1  GEN 1:1  ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2  GEN 1:2  ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; വെള്ളം നിറഞ്ഞ ഭൂതലത്തിന്മേൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനുമീതേ വ്യാപരിച്ചുകൊണ്ടിരുന്നു.
3  GEN 1:3  “പ്രകാശം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; പ്രകാശം ഉണ്ടായി.
5  GEN 1:5  ദൈവം പ്രകാശത്തെ “പകൽ” എന്നും അന്ധകാരത്തെ “രാത്രി” എന്നും വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ഒന്നാംദിവസം.
6  GEN 1:6  “വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; “വെള്ളവും വെള്ളവുംതമ്മിൽ വേർപിരിയട്ടെ” എന്നും കൽപ്പിച്ചു.
7  GEN 1:7  അങ്ങനെ ദൈവം ഒരു വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയുള്ള വെള്ളവും മുകളിലുള്ള വെള്ളവുംതമ്മിൽ വേർതിരിയട്ടെ എന്നു കൽപ്പിച്ചു; അത് അങ്ങനെതന്നെ സംഭവിച്ചു.
8  GEN 1:8  വിതാനത്തെ ദൈവം “ആകാശം” എന്നു വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—രണ്ടാംദിവസം.
9  GEN 1:9  “ആകാശത്തിനുതാഴെയുള്ള വെള്ളം ഒരു സ്ഥലത്തു കൂടിച്ചേർന്ന് ഉണങ്ങിയ നിലം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു.
10  GEN 1:10  ഉണങ്ങിയ നിലത്തിനു ദൈവം “കര” എന്നും വെള്ളത്തിന്റെ ശേഖരത്തിനു “സമുദ്രം” എന്നും പേരുവിളിച്ചു; നല്ലത് എന്നു ദൈവം കണ്ടു.
11  GEN 1:11  “ഭൂമിയിൽ സസ്യജാലങ്ങൾ മുളയ്ക്കട്ടെ: ഭൂമിയിൽനിന്ന് വിത്തുള്ള സസ്യങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു.
12  GEN 1:12  ഭൂമി അതതുതരം വിത്തുള്ള സസ്യജാലങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിച്ചു. നല്ലത് എന്നു ദൈവം കണ്ടു.
13  GEN 1:13  സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—മൂന്നാംദിവസം.
15  GEN 1:15  ഭൂമിയെ പ്രകാശിപ്പിക്കാൻ ആകാശവിതാനത്തിൽ അവ പ്രകാശസ്രോതസ്സുകളായിരിക്കട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെ സംഭവിച്ചു.
16  GEN 1:16  പകലിന്റെ അധിപതിയായി വലുപ്പം കൂടിയ പ്രകാശവും രാത്രിയുടെ അധിപതിയായി വലുപ്പം കുറഞ്ഞ പ്രകാശവും—ഇങ്ങനെ രണ്ടു വലിയ പ്രകാശത്തെ ദൈവം ഉണ്ടാക്കി. അവിടന്നു നക്ഷത്രങ്ങളെയും സൃഷ്ടിച്ചു.
17  GEN 1:17  ദൈവം ആകാശവിതാനത്തിൽ ഈ പ്രകാശങ്ങളെ സ്ഥാപിച്ചത് ഭൂമിയെ പ്രകാശിപ്പിക്കാനും പകലിന്റെയും രാത്രിയുടെയും അധിപതികളായിരിക്കാനും പ്രകാശവും ഇരുളുംതമ്മിൽ വേർതിരിക്കാനുമായിരുന്നു. നല്ലത് എന്നു ദൈവം കണ്ടു.
19  GEN 1:19  സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—നാലാംദിവസം.
20  GEN 1:20  “ജലത്തിൽ ജീവജന്തുക്കൾ പെരുകട്ടെ എന്നും ഭൂമിക്കുമീതേ ആകാശവിതാനത്തിൽ പക്ഷികൾ പറക്കട്ടെ,” എന്നും ദൈവം അരുളിച്ചെയ്തു.
21  GEN 1:21  അങ്ങനെ ദൈവം വലിയ സമുദ്രജീവികളെയും വെള്ളത്തിൽ കൂട്ടമായി ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന അതതുതരം ജന്തുക്കളെയും സൃഷ്ടിച്ചു, കൂടാതെ അതതുതരം പക്ഷികളെയും സൃഷ്ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു.
22  GEN 1:22  ദൈവം അവയെ അനുഗ്രഹിച്ചുകൊണ്ട്, “നിങ്ങൾ വർധിച്ചു പെരുകി സമുദ്രജലത്തിൽ നിറയട്ടെ; ഭൂമിയിൽ പക്ഷികളും വർധിച്ചുവരട്ടെ,” എന്നും കൽപ്പിച്ചു.
23  GEN 1:23  സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—അഞ്ചാംദിവസം.
24  GEN 1:24  “ഭൂമിയിൽ അതതുതരം ജീവജന്തുക്കൾ ഉണ്ടാകട്ടെ: കന്നുകാലികൾ, ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ എന്നിവ അതതിന്റെ വർഗമനുസരിച്ച് ഉണ്ടാകട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെതന്നെ സംഭവിച്ചു.
25  GEN 1:25  ഇപ്രകാരം ദൈവം അതതുതരം വന്യമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും ഭൂമിയിൽ ഇഴയുന്ന അതതുതരം ഇഴജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.
26  GEN 1:26  അതിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കും അധിപതികളാകട്ടെ.
27  GEN 1:27  ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു; അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.
28  GEN 1:28  ദൈവം അവരെ അനുഗ്രഹിച്ചു; “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അധീനമാക്കുക; സമുദ്രത്തിലെ മത്സ്യങ്ങളുടെമേലും ആകാശത്തിലെ പക്ഷികളുടെമേലും ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെമേലും അധിപതികളാകുക” എന്ന് അവരോടു കൽപ്പിച്ചു.
29  GEN 1:29  “ഭൂമിയിലെങ്ങും വിത്തുള്ള സകലസസ്യങ്ങളും വിത്തോടുകൂടിയ ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഞാൻ നിങ്ങൾക്കു നൽകുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കും.
30  GEN 1:30  ഭൂമിയിലെ സകലജീവികൾക്കും ആകാശത്തിലെ എല്ലാ പക്ഷികൾക്കും കരയിൽ സഞ്ചരിക്കുന്ന സകലജന്തുക്കൾക്കും—ജീവശ്വാസമുള്ള എല്ലാറ്റിനും—ഞാൻ പച്ചസസ്യങ്ങളെല്ലാം ആഹാരമായി നൽകുന്നു” എന്നു ദൈവം അരുളിച്ചെയ്തു; അപ്രകാരം സംഭവിച്ചു.
31  GEN 1:31  അവിടന്നു നിർമിച്ചതൊക്കെയും ദൈവം നിരീക്ഷിച്ചു; അവയെല്ലാം വളരെ നല്ലതെന്ന് അവിടന്നു കണ്ടു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ആറാംദിവസം.
32  GEN 2:1  ഇങ്ങനെ, ആകാശവും ഭൂമിയും അവയിലുള്ള സകലത്തിന്റെയും സൃഷ്ടി പൂർത്തിയായി.
33  GEN 2:2  ദൈവം ചെയ്തുകൊണ്ടിരുന്ന സകലപ്രവൃത്തിയും ഏഴാംദിവസമായപ്പോഴേക്കും പൂർത്തീകരിച്ചു; അതിനുശേഷം തന്റെ സകലപ്രവൃത്തിയിൽനിന്നും ഏഴാംദിവസം ദൈവം വിശ്രമിച്ചു.
34  GEN 2:3  സൃഷ്ടിസംബന്ധമായി അവിടന്നു ചെയ്ത സകലപ്രവൃത്തികളിൽനിന്നും സ്വസ്ഥനായതിനാൽ ഏഴാംദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധീകരിച്ചു.
35  GEN 2:4  ആകാശത്തിന്റെയും ഭൂമിയുടെയും ഉൽപ്പത്തിവിവരം ഇപ്രകാരമാണ്: യഹോവയായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച അവസരത്തിൽ വയലിലെ ചെടികളും സസ്യങ്ങളും അന്നുവരെ ഭൂമിയിൽ മുളച്ചിരുന്നില്ല; യഹോവയായ ദൈവം ഭൂമിയിൽ മഴ അയച്ചിരുന്നില്ല, മണ്ണിൽ അധ്വാനിക്കാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.
37  GEN 2:6  ഭൂമിയിൽനിന്ന് ഉറവ പൊങ്ങിയായിരുന്നു ഭൂതലം മുഴുവൻ നനഞ്ഞിരുന്നത്.
38  GEN 2:7  യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ മെനഞ്ഞു, അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു.
39  GEN 2:8  യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം നട്ടുണ്ടാക്കി, അവിടന്ന് മെനഞ്ഞെടുത്ത മനുഷ്യനെ അതിൽ ആക്കി.
40  GEN 2:9  മനോഹരവും ഭക്ഷ്യയോഗ്യവുമായ എല്ലാത്തരം വൃക്ഷങ്ങളും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു. തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും ഉണ്ടായിരുന്നു.
41  GEN 2:10  ഏദെനിൽനിന്ന് ഒഴുകിയ ഒരു നദി തോട്ടം നനച്ചു. ആ നദി അവിടെനിന്ന് നാലു ശാഖയായി പിരിഞ്ഞൊഴുകി.
42  GEN 2:11  ഒന്നാമത്തേതിനു പീശോൻ എന്നു പേര്; അതു ഹവീലാദേശം മുഴുവൻ ചുറ്റുന്നു, അവിടെ തങ്കം ഉണ്ട്.
43  GEN 2:12  ആ ദേശത്തെ തങ്കം അതിവിശിഷ്ടമാണ്; ഗുല്ഗുലുവും ഗോമേദകരത്നവും അവിടെയുണ്ട്.
44  GEN 2:13  രണ്ടാമത്തെ നദിയുടെ പേര് ഗീഹോൻ; അതു കൂശ് ദേശംമുഴുവനും ചുറ്റിയൊഴുകുന്നു.
45  GEN 2:14  മൂന്നാമത്തെ നദിയുടെ പേര് ടൈഗ്രീസ്; അത് അശ്ശൂരിൽനിന്നു കിഴക്കോട്ട് ഒഴുകുന്നു. നാലാമത്തെ നദി യൂഫ്രട്ടീസ്.
46  GEN 2:15  യഹോവയായ ദൈവം ഏദെൻതോട്ടത്തിൽ അധ്വാനിക്കുന്നതിനും അതിനെ സംരക്ഷിക്കുന്നതിനുമായി മനുഷ്യനെ അവിടെ തോട്ടത്തിൽ ആക്കി.
49  GEN 2:18  അതിനുശേഷം യഹോവയായ ദൈവം: “മനുഷ്യൻ ഏകനായിരിക്കുന്നതു നല്ലതല്ല, അവന് അനുയോജ്യമായ ഒരു തുണയെ ഞാൻ നിർമിക്കും,” എന്ന് അരുളിച്ചെയ്തു.
50  GEN 2:19  യഹോവയായ ദൈവം നിലത്തുനിന്നു നിർമിച്ച എല്ലാ വന്യമൃഗങ്ങളെയും ആകാശത്തിലെ സകലപക്ഷികളെയും മനുഷ്യന്റെ മുമ്പിൽ അവൻ അവയ്ക്ക് എന്തു പേരിടുമെന്നു കാണാൻ വരുത്തി. ഓരോ ജീവിയെയും മനുഷ്യൻ വിളിച്ചത് അതിന് പേരായിത്തീർന്നു.
51  GEN 2:20  അങ്ങനെ മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പക്ഷികൾക്കും സകലവന്യമൃഗങ്ങൾക്കും പേരിട്ടു. എന്നാൽ ആദാമിന് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തിയില്ല.
52  GEN 2:21  അതുകൊണ്ട് യഹോവയായ ദൈവം മനുഷ്യനെ ഒരു ഗാഢനിദ്രയിലാക്കി; അവൻ ഉറങ്ങിയപ്പോൾ അവിടന്ന് അവന്റെ വാരിയെല്ലുകളിൽ ഒന്നെടുത്തശേഷം എടുത്തയിടം മാംസംകൊണ്ടു നികത്തി.
53  GEN 2:22  പിന്നെ യഹോവയായ ദൈവം, മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ ഉണ്ടാക്കി, അവളെ മനുഷ്യന്റെ അടുക്കലേക്ക് ആനയിച്ചു.
54  GEN 2:23  അപ്പോൾ മനുഷ്യൻ ഇപ്രകാരം പറഞ്ഞു: “ഇത് എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും എന്റെ മാംസത്തിൽനിന്നുള്ള മാംസവും ആകുന്നു; നരനിൽനിന്ന് എടുത്തിരിക്കുകയാൽ ഇവൾക്കു ‘നാരി’ എന്നു പേരാകും.
55  GEN 2:24  ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും; അവർ ഒരു ശരീരമായിത്തീരും.
56  GEN 2:25  അവരിരുവരും—ആദാമും ഭാര്യയും—നഗ്നരായിരുന്നു; എങ്കിലും അവർക്കു ലജ്ജ തോന്നിയില്ല.
57  GEN 3:1  യഹോവയായ ദൈവം സൃഷ്ടിച്ച സകലവന്യജീവികളിലുംവെച്ച് പാമ്പ് സൂത്രശാലിയായിരുന്നു. “തോട്ടത്തിലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത് എന്നു ദൈവം വാസ്തവമായി കൽപ്പിച്ചിട്ടുണ്ടോ?” എന്നു പാമ്പു സ്ത്രീയോടു ചോദിച്ചു.
58  GEN 3:2  “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു ഭക്ഷിക്കാം.
59  GEN 3:3  എന്നാൽ ‘തോട്ടത്തിന്റെ മധ്യത്തിലുള്ള വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത്, അതു തൊടുകപോലുമരുത്; അങ്ങനെചെയ്താൽ നിങ്ങൾ മരിക്കും’ എന്നു ദൈവം കൽപ്പിച്ചിട്ടുണ്ട്,” സ്ത്രീ ഉത്തരം പറഞ്ഞു.
61  GEN 3:5  അതു കഴിക്കുന്ന നാളിൽ നിങ്ങളുടെ കണ്ണുകൾ തുറന്ന് നിങ്ങൾ നന്മതിന്മകൾ അറിയുന്നവരായി, ദൈവത്തെപ്പോലെയാകും, എന്നു ദൈവം അറിയുന്നു,” പാമ്പ് സ്ത്രീയോട് പറഞ്ഞു.
62  GEN 3:6  ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ നല്ലതും കാഴ്ചയ്ക്കു മനോഹരവും ജ്ഞാനംനേടാൻ അഭികാമ്യവുമെന്നു കണ്ട് സ്ത്രീ അതു പറിച്ചു ഭക്ഷിച്ചു, തന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനും കൊടുത്തു, അദ്ദേഹവും ഭക്ഷിച്ചു.
63  GEN 3:7  ഉടൻതന്നെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരെന്ന് അവർ അറിഞ്ഞു; അതുകൊണ്ട് അവർ അത്തിയില കൂട്ടിത്തുന്നി ഉടയാടയുണ്ടാക്കി.
64  GEN 3:8  ഒരു ദിവസം ഇളങ്കാറ്റു വീശിക്കൊണ്ടിരുന്നപ്പോൾ, യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദം ആദാമും അദ്ദേഹത്തിന്റെ ഭാര്യയും കേട്ടു; യഹോവയായ ദൈവം കാണാതിരിക്കാൻ അവർ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഒളിച്ചു.
66  GEN 3:10  അതിന് ആദാം, “തോട്ടത്തിൽ അവിടത്തെ ശബ്ദം ഞാൻ കേട്ടു; ഞാൻ നഗ്നനാകുകയാൽ ഭയപ്പെട്ടു, ഒളിച്ചു” എന്ന് ഉത്തരം പറഞ്ഞു.
67  GEN 3:11  അപ്പോൾ ദൈവം, “നീ നഗ്നനെന്നു നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കൽപ്പിച്ച വൃക്ഷത്തിൽനിന്നു നീ ഭക്ഷിച്ചോ?” എന്നു ചോദിച്ചു.
68  GEN 3:12  ഉത്തരമായി ആദാം, “എന്നോടുകൂടെ ഇരിക്കേണ്ടതിന് അങ്ങു നൽകിയ സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു” എന്ന് ഉത്തരം പറഞ്ഞു.
69  GEN 3:13  അതിനു യഹോവയായ ദൈവം സ്ത്രീയോട്, “നീ ഈ ചെയ്തത് എന്ത്?” എന്നു ചോദിച്ചു. “പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുകയും ചെയ്തു,” സ്ത്രീ പറഞ്ഞു.
70  GEN 3:14  അപ്പോൾ യഹോവയായ ദൈവം പാമ്പിനോട്: “ഇതു ചെയ്തതുകൊണ്ടു, “സകലകന്നുകാലികളെക്കാളും വന്യമൃഗങ്ങളെക്കാളും നീ ശപിക്കപ്പെട്ടിരിക്കുന്നു. നീ ഉരസ്സുകൊണ്ടു ഗമിക്കുകയും നിന്റെ ആയുഷ്കാലമൊക്കെയും പൊടിതിന്നുകയും ചെയ്യും” എന്നും
71  GEN 3:15  “ഞാൻ നിനക്കും സ്ത്രീക്കും തമ്മിലും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിലും ശത്രുത ഉണ്ടാക്കും; അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും” എന്നും കൽപ്പിച്ചു.
72  GEN 3:16  ദൈവം സ്ത്രീയോട് അരുളിച്ചെയ്തത്: “ഞാൻ നിന്റെ ഗർഭകാലം വേദനയുള്ളതാക്കും; അതിവേദനയോടെ നീ മക്കളെ പ്രസവിക്കും. നിന്റെ അഭിലാഷം നിന്റെ ഭർത്താവിനോടാകും, അവൻ നിന്നെ ഭരിക്കും.
73  GEN 3:17  യഹോവ ആദാമിനോട് അരുളിച്ചെയ്തത്: “നീ നിന്റെ ഭാര്യയുടെ വാക്കു കേൾക്കുകയും ‘തിന്നരുത്’ എന്നു ഞാൻ കൽപ്പിച്ച വൃക്ഷത്തിന്റെ ഫലം തിന്നുകയും ചെയ്തതുകൊണ്ട്, “നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലം മുഴുവൻ കഷ്ടതയോടെ അതിൽനിന്ന് ഉപജീവനംകഴിക്കും.
74  GEN 3:18  ഭൂമി നിനക്കായി മുള്ളും ഞെരിഞ്ഞിലും മുളപ്പിക്കും, നീ വയലിലെ സസ്യങ്ങൾ ഭക്ഷിക്കും.
75  GEN 3:19  മണ്ണിൽനിന്ന് നിന്നെ എടുത്തു; മണ്ണിലേക്കു മടങ്ങുംവരെ നിന്റെ നെറ്റിയിലെ വിയർപ്പുകൊണ്ട് നീ ആഹാരം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിലേക്കു നീ തിരികെച്ചേരും.
76  GEN 3:20  ആദാം തന്റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു; കാരണം അവൾ ജീവനുള്ളവർക്കെല്ലാം മാതാവാണല്ലോ.
77  GEN 3:21  യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യയ്ക്കും തുകൽകൊണ്ടു വസ്ത്രമുണ്ടാക്കി അവരെ ധരിപ്പിച്ചു.
78  GEN 3:22  അതിനുശേഷം യഹോവയായ ദൈവം അരുളിച്ചെയ്തു: “ഇതാ മനുഷ്യൻ നന്മതിന്മകൾ അറിയുന്നവനായി, നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു. അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടി പറിച്ചുതിന്ന് എന്നേക്കും ജീവിക്കാൻ അനുവദിച്ചുകൂടാ.
79  GEN 3:23  മനുഷ്യനെ എടുത്തിരുന്ന മണ്ണിൽ അധ്വാനിക്കേണ്ടതിന് യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി.
80  GEN 3:24  മനുഷ്യനെ പുറത്താക്കിയശേഷം ദൈവം, ജീവവൃക്ഷത്തിലേക്കുള്ള വഴി കാക്കുന്നതിന് ഏദെൻതോട്ടത്തിനു കിഴക്ക് കെരൂബുകളെ കാവൽ നിർത്തുകയും എല്ലാ വശത്തേക്കും തിരിയുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാൾ സ്ഥാപിക്കുകയും ചെയ്തു.
81  GEN 4:1  ഇതിനുശേഷം ആദാം തന്റെ ഭാര്യയായ ഹവ്വായെ അറിഞ്ഞു. അവൾ ഗർഭംധരിച്ച് കയീന് ജന്മംനൽകി. “യഹോവ സഹായിച്ചതിനാൽ എനിക്കൊരു പുരുഷപ്രജ ലഭിച്ചു,” എന്ന് അവൾ പറഞ്ഞു.
82  GEN 4:2  ഹവ്വാ വീണ്ടും ഗർഭംധരിച്ച് കയീന്റെ സഹോദരനായ ഹാബേലിനെ പ്രസവിച്ചു. ഹാബേൽ ആട്ടിടയനും കയീൻ നിലത്ത് പണിയെടുക്കുന്നവനും ആയിത്തീർന്നു.
83  GEN 4:3  വിളവെടുപ്പിന്റെ സമയമായപ്പോൾ കയീൻ വയലിലെ വിളവിൽനിന്ന് ഒരംശം യഹോവയ്ക്കു യാഗമായി കൊണ്ടുവന്നു.
84  GEN 4:4  ഹാബേലോ, തന്റെ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളിൽനിന്ന് മേൽത്തരം ആടുകളെ യാഗത്തിനു കൊണ്ടുവന്നു. യഹോവ ഹാബേലിലും അവന്റെ യാഗത്തിലും സംപ്രീതനായി;
85  GEN 4:5  എന്നാൽ, കയീനിലും അവന്റെ യാഗാർപ്പണത്തിലും പ്രസാദിച്ചില്ല. കയീൻ ഇതിൽ വളരെ കുപിതനായി; അവന്റെ മുഖം മ്ലാനമായി.
86  GEN 4:6  യഹോവ കയീനോട്: “നീ കോപിക്കുന്നതെന്തിന്? നിന്റെ മുഖം മ്ലാനമാകുന്നതും എന്തിന്? എന്നു ചോദിച്ചു.
87  GEN 4:7  നന്മയായതു പ്രവർത്തിക്കുന്നെങ്കിൽ നീ അംഗീകരിക്കപ്പെടുകയില്ലയോ? എന്നാൽ നന്മയായതു പ്രവർത്തിക്കാതിരുന്നാൽ പാപം നിന്റെ വാതിൽക്കൽ കിടക്കുന്നു, അതു നിന്നെ അധീനനാക്കാൻ ആഗ്രഹിക്കുന്നു, നീയോ അതിനെ കീഴടക്കണം” എന്നു കൽപ്പിച്ചു.
88  GEN 4:8  ഒരു ദിവസം കയീൻ തന്റെ സഹോദരനായ ഹാബേലിനോട്, “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ സഹോദരനായ ഹാബേലിനെ ആക്രമിച്ചു കൊലപ്പെടുത്തി.
89  GEN 4:9  അപ്പോൾ യഹോവ കയീനോട്, “നിന്റെ സഹോദരൻ ഹാബേൽ എവിടെ?” എന്നു ചോദിച്ചു. “എനിക്കറിഞ്ഞുകൂടാ, ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ?” എന്നു പ്രതിവചിച്ചു.
90  GEN 4:10  അപ്പോൾ യഹോവ അരുളിച്ചെയ്തത്: “നീ ഈ ചെയ്തത് എന്ത്? നോക്കൂ! നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു.
91  GEN 4:11  ഇപ്പോൾ നീ ശാപഗ്രസ്തനായി; നിന്റെ കൈയിൽനിന്ന് നിന്റെ സഹോദരന്റെ രക്തം ഏറ്റുവാങ്ങാൻ വായ് തുറന്ന ദേശത്തുനിന്നു നീ പുറത്താക്കപ്പെടും.
92  GEN 4:12  നീ നിലത്തു കൃഷി ചെയ്താൽ ഇനിയൊരിക്കലും അതു നിനക്കു പുഷ്ടിയോടെ വിളവുനൽകുകയില്ല. നീ ഭൂമുഖത്തു ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്ന അഭയാർഥിയുമായിരിക്കും.
94  GEN 4:14  ഇന്ന് ഈ ദേശത്തുനിന്ന് അങ്ങ് എന്നെ ആട്ടിപ്പായിക്കുന്നു; അങ്ങയുടെ സന്നിധിയിൽനിന്ന് ഇനി ഞാൻ ഒളിച്ചുകഴിയേണ്ടതായി വരും; ഞാൻ ഭൂമുഖത്ത് അലഞ്ഞുതിരിയുന്ന അഭയാർഥിയാകും. എന്നെ ആരെങ്കിലും കണ്ടെത്തിയാൽ അവൻ എന്നെ കൊന്നുകളയും” എന്നു പറഞ്ഞു.
95  GEN 4:15  യഹോവ അതിനു മറുപടിയായി: “അങ്ങനെയല്ല, ആരെങ്കിലും കയീനെ വധിച്ചാൽ അവനോടുള്ള പ്രതികാരം ഏഴുമടങ്ങായിരിക്കും” എന്ന് അരുളിച്ചെയ്തു. കയീനെ കണ്ടെത്തുന്ന ആരും അവനെ വധിക്കാതിരിക്കേണ്ടതിന് യഹോവ അവന്റെമേൽ ഒരടയാളം വെച്ചു.
96  GEN 4:16  കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ടുപോയി ഏദെനു കിഴക്കുള്ള നോദ് ദേശത്തു ചെന്നു താമസിച്ചു.
97  GEN 4:17  കയീൻ തന്റെ ഭാര്യയെ അറിഞ്ഞു. അവൾ ഗർഭിണിയായി, ഹാനോക്കിനെ പ്രസവിച്ചു. അക്കാലത്ത് കയീൻ ഒരു പട്ടണം പണിതു. അതിന് അയാൾ തന്റെ മകനായ ഹാനോക്കിന്റെ പേരിട്ടു.
98  GEN 4:18  ഹാനോക്കിന് ഈരാദ് ജനിച്ചു. ഈരാദിൽനിന്ന് മെഹൂയയേൽ ജനിച്ചു; മെഹൂയയേലിൽനിന്ന് മെഥൂശയേൽ ജനിച്ചു; മെഥൂശയേലിൽനിന്ന് ലാമെക്ക് ജനിച്ചു.
99  GEN 4:19  ലാമെക്ക് രണ്ടുസ്ത്രീകളെ വിവാഹംചെയ്തു; ഒരുവൾക്ക് ആദാ എന്നും മറ്റവൾക്കു സില്ല എന്നും പേരായിരുന്നു.
100  GEN 4:20  ആദാ യാബാലിനെ പ്രസവിച്ചു; അയാൾ കൂടാരങ്ങളിൽ പാർക്കുന്നവർക്കും കന്നുകാലികളെ പരിപാലിക്കുന്നവർക്കും പിതാവായിരുന്നു.
101  GEN 4:21  അദ്ദേഹത്തിന്റെ സഹോദരന്റെ പേര് യൂബാൽ എന്നായിരുന്നു. യൂബാൽ കിന്നരം വായിക്കുകയും ഓടക്കുഴൽ ഊതുകയും ചെയ്യുന്ന എല്ലാവർക്കും പിതാവായിരുന്നു.
102  GEN 4:22  സില്ലയ്ക്ക് തൂബാൽ-കയീൻ എന്നൊരു മകൻ ഉണ്ടായിരുന്നു; അയാൾ വെങ്കലവും ഇരുമ്പുംകൊണ്ടുള്ള എല്ലാത്തരം ഉപകരണങ്ങളും വാർത്തുണ്ടാക്കിയിരുന്നു. തൂബാൽ-കയീന് നയമാ എന്നു പേരുള്ള ഒരു സഹോദരിയുണ്ടായിരുന്നു.
103  GEN 4:23  ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞു: “ആദയേ, സില്ലയേ, എന്റെ വാക്കു ശ്രദ്ധിക്കുക; ലാമെക്കിന്റെ ഭാര്യമാരേ, എന്റെ വാക്കു കേൾക്കുക. എന്നെ മുറിവേൽപ്പിച്ചതിനു ഞാൻ ഒരു മനുഷ്യനെ കൊന്നിരിക്കുന്നു, എന്നെ മുറിപ്പെടുത്തിയതിന് ഒരു യുവാവിനെത്തന്നെ.
104  GEN 4:24  കയീനുവേണ്ടി ഏഴുമടങ്ങു പ്രതികാരം നടത്തുമെങ്കിൽ, ലാമെക്കിനുവേണ്ടി എഴുപത്തിയേഴു മടങ്ങായിരിക്കും.
105  GEN 4:25  ആദാം വീണ്ടും തന്റെ ഭാര്യയെ അറിഞ്ഞു. അവൾ ഒരു മകനെ പ്രസവിച്ചു; അവന് ശേത്ത് എന്നു പേരിട്ടു. “കയീൻ ഹാബേലിനെ വധിച്ചതുകൊണ്ട് അവനു പകരമായി ദൈവം എനിക്കു മറ്റൊരു ശിശുവിനെ തന്നിരിക്കുന്നു” എന്ന് അവൾ പറഞ്ഞു.
106  GEN 4:26  ശേത്തിനും ഒരു മകൻ ജനിച്ചു. അവന് ഏനോശ് എന്നു പേരിട്ടു. അക്കാലത്ത് മനുഷ്യർ യഹോവയുടെനാമത്തിലുള്ള ആരാധന തുടങ്ങി.
108  GEN 5:2  ദൈവം പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു; അവരെ സൃഷ്ടിച്ച ദിവസം അവിടന്ന് അവരെ അനുഗ്രഹിച്ച് അവർക്ക് “ആദാം,” എന്നു പേരിട്ടു.
109  GEN 5:3  ആദാമിനു 130 വയസ്സായപ്പോൾ തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും ഒരു മകൻ ജനിച്ചു; അവന് അദ്ദേഹം ശേത്ത് എന്ന് പേരിട്ടു.
110  GEN 5:4  ശേത്ത് ജനിച്ചതിനുശേഷം ആദാം 800 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.